മൗലാനാ ആസാദ്: ജീവിതവും സന്ദേശവും

നവംബർ പതിനൊന്ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കാറുണ്ട്. മൗലാന ആസാദ് ജനിച്ചത് ഈ തിയ്യതിയിലാണ് എന്നതുകൊണ്ടാണത്.

5/8/20241 min read

വരും തലമുറ ഇനി മുതൽ

ആസാദിൻ്റെ പേരും ചരിത്രവും ഓർക്കാനും പഠിക്കാനും പാടില്ല എന്നായിരുന്നു എൻ സി ഇ ആർ ടിയുടെ (NCERT) പുതിയ തീരുമാനം. അതിനവർ പാഠപുസ്തകങ്ങളിൽ നിന്നും ആസാദിനെ പഠിക്കുന്നത് ഒഴിവാക്കിയിരുന്നു. പാഠ്യപദ്ധതികൾ കാവിവൽക്കരിക്കപ്പെടുന്നുണ്ട് എന്നതിൻ്റെ ഒരു വലിയ ഉദാഹരണം കൂടിയാണത്.

സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്രസമര സേനാനിയും കൂടിയായ ഒരാളുടെ പേരും ചരിത്രവുമാണ് മായിച്ചുകളയുന്നത് എന്നോർക്കണം. സമകാലിക സാഹചര്യത്തിൽ വിശിഷ്യാ പുതുതലമുറക്കിടയിൽ വിശാലമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ് അസാദ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല!

മൗലാന ഖൈറുദ്ധീന്റെ മകനായി 1888 നവംബർ പതിനൊന്നിന് മക്കയിലാണ് ആസാദിൻ്റെ ജനനം.

സയ്യിദ് അബുൽ കലാം ഗുലാം മുഹ്‌യുദ്ദീൻ അഹ്മദ് ബിൻ ഖൈറുദ്ധീൻ അൽ ഹുസൈനി എന്നാണ് ആസാദിന്റെ മുഴുവൻ പേര്.

ആസാദ് എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമാണ്.

'സ്വാതന്ത്രം' എന്നാണല്ലോ

ആസാദ് എന്ന പ്രയോഗത്തിന്റെ അർത്ഥം തന്നെ, ഇത്തരത്തിൽ ഒരു തൂലികാനാമം അദ്ദേഹം സ്വീകരിക്കാനുള്ള കാരണം അടിമത്ത ചിന്തകളോടുള്ള വെറുപ്പും സ്വാതന്ത്ര ചിന്തകളോടുള്ള താൽപര്യവും കൊണ്ടാണ്.

തിരക്ക് പിടിച്ച തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിലും വായനക്കും എഴുത്തിനും ആസാദ് സമയം കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ പോരാടിയതിന്റെ പേരിൽ ഒരു പക്ഷേ ആസാദ് പുറത്ത് കഴിഞ്ഞതിനേക്കാൾ കൂടുതൽ ജയിലറകൾക്കുള്ളിലായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക.

ചെറിയ പ്രായത്തിൽ തന്നെ വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ആസാദിന് ഏറെ കാലമൊന്നും തന്നെ സഹധർമിണി സുലേഖ ബീഗത്തിന്റെ കൂടെ അധിവസിക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും ജയിൽ വാസം അനുഭവിക്കേണ്ടി വന്നതിന്റെ പേരിലും സ്വാതന്ത്ര പ്രവർത്തനങ്ങൾക്കുവേണ്ടി മനസ്സും ശരീരവും ഉപയോഗിക്കേണ്ടി വന്നതിന്റെ കാരണത്താലുമാണത്‌.

എങ്കിലും ആസാദിന് ഹസീൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരിന്നു. പക്ഷേ നാല് വർഷത്തെ ആയുസേ അല്ലാഹു അവന് നിശ്ചയിച്ചിട്ടുണ്ടായിരുന്നുള്ളു. ഭർത്താവിന്റെ അഭാവവും കുഞ്ഞിന്റെ മരണവും ഭാര്യ സുലേഖ ബീഗത്തിനെ ഒരു രോഗിയാക്കി മാറ്റി.

ഓരോ വിഷയങ്ങളിലും നല്ല ദീർഗവീക്ഷണവും ഉൾകാഴ്ച്ചയുമുള്ള ആസാദിന്‌ മുസ്‌ലീങ്ങളുടെ പുരോഗതിക്ക് വേണ്ടി സമുദായത്തിൽ വരേണ്ട മാറ്റങ്ങളെ കുറിച്ചും നല്ല ധാരണ ഉണ്ടായിരുന്നു. അങ്ങനെയാണ് 1903ൽ ആസാദ് 'ലിസാനുസ്വിദ്ഖ്' എന്ന ആദ്യത്തെ തന്റെ മാസിക ആരംഭിക്കുന്നത്. 1906 ൽ 'വക്കീൽ' എന്ന മാസികയുടെ പത്രാധിപത്യം ഏറ്റെടുക്കാൻ വേണ്ടി ഡൽഹിയിലേക്ക് പോകുമ്പോഴാണ് ഉപ്പയുടെ നിർദ്ദേശപ്രകാരം കൊൽക്കത്തയിലേക്ക് യാത്ര തിരിച്ചുവിടേണ്ടി വന്നത്‌. കൊൽക്കത്തയിലെ ദാറുസുൽത്താന എന്ന മാസികയുടെ ഓഫീസിൽ പത്രാധിപത്യം ഏറ്റെടുത്ത് പ്രവർത്തിക്കാൻ. പക്ഷേ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്ക്‌ വേണ്ടി ആസാദ് കണ്ട നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് അവരുടെ നിലപാടുകൾ എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം അവിടുന്ന് കുറഞ്ഞ കാലം കൊണ്ടുതന്നെ പടിയിറങ്ങി.

അക്കാലഘട്ടത്തിൽ ഉടലെടുത്ത മുസ്ലീങ്ങൾക്ക് സ്വന്തമായി ഒരു രാഷ്ട്രം എന്ന വാദത്തോട് ഒരു നിലക്കും രാജിയാവാത്ത ആളായിരുന്നു ആസാദ്. ആസാദ് എഴുതിയതും പ്രസംഗിച്ചതും എല്ലാം ആ രൂപത്തിൽ തന്നെയാണ്.

'മുസ്‌ലീങ്ങൾ ഈ ഭാരതത്തിന്റെ തന്നെ ഭാഗമാണ്, അതിനാൽ മുസ്ലീങ്ങളുടെ നിലനിൽപ്പ്‌ ഭാരതത്തിന്റെ തന്നെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു.' ഇത് ആസാദിന്റെ വാക്കുകളാണ്!

1921ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും വിട്ട് നിന്ന ആളായിരുന്നു മുഹമ്മദലി ജിന്ന.

ഈ ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് ശക്തമായ രൂപത്തിൽ പാകിസ്ഥാന്‌ വേണ്ടി വാദിച്ചപ്പോൾ മുസ്ലീങ്ങൾക്ക് ഒരു രാഷ്ട്രം എന്ന അവസ്ഥ കടന്നുവന്നാൽ അത് അവസാന നാളുവരെ ഹിന്ദു മുസ്ലിം പ്രശ്നങ്ങൾക്ക് കാരണമാവും എന്ന് കൃത്യമായി മനസ്സിലാക്കിയ ഒരാളായിരുന്നു ആസാദ്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണുക.

'കുതബ്മിനാറിന്റെ മുകളിൽ ഒരു മാലാഖ വന്നിരുന്ന് എന്നോട് പറയുകയാണ് എന്ന് വെക്കുക. ഹിന്ദു മുസ്‌ലിം ഐക്യം എന്ന ആശയം താങ്കൾ ഉപേക്ഷിച്ചാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇൻഡ്യയെ ഒരു പൂർണ്ണ സ്വരാജാക്കി മാറ്റിത്തരാം എന്നുപറഞ്ഞാൽ ഞാൻ തിരിച്ചടിക്കും, ഇൻഡ്യ പൂർണ്ണ സ്വരാജായില്ല എങ്കിൽ അത് ഇന്ത്യയുടെ മാത്രം പ്രശ്നമാണ്, എന്നാൽ ഹിന്ദു മുസ്‌ലിം ഐക്യം തകരുക എന്നത് ലോകത്തിന്റെ തന്നെ പ്രശ്നമാണ്'

(മൗലാന അബുൽ കലാം ആസാദ് : ഡോ.എം ലീലാവതി പേജ്: 24,25)

ആസാദ് എന്ന മതബോധമുള്ള ഒരു രാഷ്ട്രീയ നേതാവിന് ഈ ഭാരത മണ്ണിനോട് എത്രത്തോളം കൂറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ മുകളിലുദ്ധരിച്ച ഈ ഉദ്ധരണി തന്നെ ധാരാളമാണ്.

മൗനംകൊണ്ട് വിഭജനത്തെ അംഗീകരിക്കുകയായിരുന്നു ആസാദ് എന്നെഴുതിയ ആചാര്യ കൃപാലാനി തന്റെ 'ഗാന്ധി : ജീവിതവും ചിന്തയും' എന്ന പുസ്തകത്തിൽ അങ്ങനെ എഴുതിച്ചേർത്തത് യഥാർത്ഥത്തിൽ കണ്ണടച്ച് ഇരുട്ടക്കുന്നത്തിന് തുല്ല്യമാണ്. ആസാദിനെ ചിലരെങ്കിലും വിഭജനത്തിന്റെ അണിയറ ശിൽപ്പിയായി ക്രൂശിക്കാൻ നോക്കുന്നു.

ആസാദ് മാത്രമല്ല, വിഭജനം ഒരു നിലക്കും നടക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവർ തന്നെയാണ് ഗാന്ധിയും നെഹ്റുവും മോത്തിലാൽ നെഹ്റുവും സീ. ആർ ദാസും മൗലാനാ മുഹമ്മദലി ജൗഹറും മൗലാനാ ഷൗക്കത്തലിയുമെല്ലാം.

വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടിയും മുസ്‌ലിം സമൂഹത്തിന്റെ കാലോചിതമായ വളർച്ചക്ക് വേണ്ടിയും തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം തുടങ്ങിവെച്ച പത്രമാണ് 'അൽ-ഹിലാൽ'.

ഒന്നാംലോക മഹായുദ്ധം നടക്കുന്ന കാലത്ത് ആസാദിന്റെ അൽഹിലാലിലെ സന്ദേശങ്ങളും മറ്റും തങ്ങളുടെ അജണ്ടകൾക്ക്‌ കോട്ടം തട്ടിക്കുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അൽഹിലാൽ നിർത്തിച്ചു.

എന്നാൽ അതിനുശേഷം 1916ൽ ആസാദ് തന്റെ 'അൽ-ബലാഗ' എന്ന പുതിയ പത്രം ആരംഭിച്ചു. അതും നിർത്തിച്ചപ്പോൾ

'പൈഗാം(സന്ദേശം) എന്ന പേരിൽ ഒന്നുകൂടി അദ്ദേഹം തുടങ്ങി.

മഹാനായ പണ്ഡിതൻ ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ(റ)യിൽ ആസാദ് ആകൃഷ്ഠനായതിന് ചരിത്രത്തിൽ ചില തെളിവുകളുണ്ട്. ആസാദ് ഒരു സൂഫി മുസ്‌ലിമായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ചാനൽ ചർച്ചകളിൽ വെമ്പൽ കൊള്ളുന്നവരും ആസാദിനെ ഒരു സൂഫിയാക്കാൻ വ്യഗ്രത കാട്ടുന്നവരും അറിയേണ്ടതിനായി ചില യാഥാർത്ഥ്യങ്ങൾ വിശദീകരിക്കാം.

അദ്ദേഹം ഒരു സലഫി മുസ്‌ലിം തന്നെയായിരുന്നു. പ്രസ്തുത സലഫി വീക്ഷണത്തിന്റെ പ്രതിഫലനം തന്റെ തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ തഫ്സീറിൽ അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ വിശദീകരിക്കുന്നേടത്ത് പ്രതിഫലിക്കുന്നുണ്ട്. 1947 ഇൻഡ്യ അതിന്റെ സ്വാതന്ത്രം അനുഭവിക്കുന്ന കാലത്ത് ആസാദ് ഇബ്നു തയ്മിയ്യയുടെ 'അൽ വസിയത്തുൽ കുബ്റ' എന്ന പ്രസിദ്ധമായ പുസ്തകം ഉർദുവിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആസാദ് ഒരു സൂഫീയല്ലായിരുന്നു എന്നും മറിച്ച് സലഫി ആദർശം ഉൾക്കൊണ്ട ഒരു നല്ല വിശ്വാസി തന്നെയായിരുന്നു എന്നുമാണ് ഈ ചരിത്ര വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നത്. ഷെയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യയിൽ നിന്ന് സലഫീ ആദർശത്തെ പഠിച്ച് അതുൾകൊണ്ട് ജീവിച്ച ആസാദ്‌ ഇൻഡ്യയിലെ ബഹുസ്വരതയും ഇൻഡ്യയുടെ ആത്മാവും വേണ്ടുവോളം തൊട്ടറിഞ്ഞ് അനുഭവിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ സൂഫി പൈതൃകമനുസരിച്ചുകൊണ്ട് മാത്രമേ ഇൻഡ്യയിൽ മുസ്ലീങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ എന്ന ചിലരുടെ വാദം അവിടെ തകർന്ന് വീഴുകയാണ് ചെയ്യുന്നത്.

ആസാദിനെ സൂഫിസത്തിന്റെ പൂനൂൽ അണീക്കാൻ ശ്രമിക്കുന്നവരും ആ ചരിത്രം പുതുതലമുറ പഠിക്കരുത് എന്ന് കരുതി പാഠ്യപദ്ധതികളിൽ നിന്നും അതൊഴിവാക്കുന്നവരും അറിയേണ്ടത്, നിങ്ങൾ മായ്ച്ചുകളഞ്ഞാൽ ഇല്ലാതാകുന്ന ഒന്നല്ല ധീരയോദ്ധാവും ധിഷണാശാലിയുമായ ആസാദിൻ്റെ ചരിത്രം.

ആ പേരും ചരിത്രവും ഇനി ആരും പറയരുത് എന്നും പഠിക്കരുത് എന്നുമാണ് ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നതെങ്കിൽ പ്രസ്തുത പേരും ചരിത്രവും നാം ആവർത്തിച്ചുകൊണ്ടേയിരിക്കണം.